Total Pageviews

Tuesday, January 10, 2012

കര്‍ക്കിടക മഴ


മഴ ചാറാന്‍ തുടങ്ങി. ശോഷിച്ച തന്‍റെ കൈകള്‍ പുറത്തേക്കു നീട്ടി ആ ജനാല വലിച്ചടയ്ക്കുമ്പോള്‍ അയാളുടെ കൈകള്‍ പതിവിലും അധികമായി വിറക്കുന്നുണ്ടായിരുന്നു.

ഇന്നിനി നോക്കിയിട്ട് കാര്യമില്ല.സമയം വളരെ വൈകി.അല്ലെങ്കിലും അവന്‍ നേരം ഒരുപാട് വൈകി വരാറില്ലല്ലോ?. പിന്നെ തനിക്കാണെങ്കില്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ഇത് ശീലമായി മാറി താനും. കാത്തിരുപ്പിന്റെ വിരഹത ഇപ്പോള്‍ തന്റെ ആത്മ മിത്രമാണല്ലോ ?

ജനാലക്കരികിലേക്ക് വലിച്ചിട്ട കസേര പതിയെ തള്ളി മാറ്റി കട്ടിലിനെ ലക്ഷ്യമാക്കി വേച്ചു വേച്ചു നീങ്ങുമ്പോള്‍ കാലുകള്‍ക്കും ആ വിറയല്‍ അനുഭവപ്പെട്ടത് പോലെ.

രാവിലെ നാണിയമ്മ കൊണ്ടുവന്ന് തന്ന മൂന്നു തട്ടുള്ള ചോറ്റു പാത്രത്തിന്‍റെ ഏറ്റവും അടിയിലത്തെ തട്ട് തുറന്നതും,നാരങ്ങ അച്ചാറിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്കടിച്ചു. പാത്രത്തിലെ കഞ്ഞിവെള്ളം മാത്രം ഊറ്റി കുടിച്ചു. ഒരു പാവം വൃദ്ധന്റെ ജീവന്‍ പിടിച്ചുനിറത്താന്‍ കഞ്ഞിവെള്ളം തന്നെ അധികപ്പറ്റാ....

പിന്നെ പതുക്കെ കട്ടിലിലിരുന്നു വിശുദ്ധ ഗ്രന്ഥം കൈയിലെടുത്തു.

അവന്‍ ഇന്ന് എന്തായാലും വരുമെന്നോര്‍ത്തു. പിന്നെ എന്നാ പറ്റിയോ?

കഴിഞ്ഞ ആഴ്ച വിളിച്ചു പറഞ്ഞു.

"അപ്പച്ചാ,ഇപ്പോള്‍ എന്റെ ഓഫീസില്‍ ഭയങ്കര തിരക്കാ ....വൈകിയാണ് ജോലി തീരുന്നത് ".

അല്ലെങ്കിലും എനിക്കറിയാം അവന്‍ ജോലിയില്‍ ഭയങ്കര കൃത്യ നിഷ്ട്ട ഉള്ള ആളാ.ഏതു കാര്യവും ചിട്ടയോടെ ചെയ്യും. എന്റെ മറിയക്കുട്ടിടെ അതെ സ്വഭാവം. അയാള്‍ മനസ്സിലോര്‍ത്തു. പിന്നെ അവന്റെ ജീവിതത്തിന്റെ തുലാസ്സില്‍ ഞാന്‍ ഇരിക്കുന്ന തട്ട്എപ്പോഴും പോങ്ങിയാനല്ലോ ?മറ്റെതട്ടിന്റെ ഭാരതത്തിന്റെ കണക്കുകള്‍ കേള്‍ക്കാനെന്തോ ഈയിടെയായി ഒരു താല്‍പ്പര്യവും തോന്നാറില്ല.....

ഇന്നലെ വിളിക്കുമെന്നോര്‍ത്തിട്ട് വിളിച്ചില്ല. മണിക്കുട്ടിയേയും കൊണ്ട് എങ്ങോട്ടെങ്കിലും പോയിക്കാണും. വാതോരാതെ സംസാരിക്കുന്ന ആ മിടുക്കിയെ കണ്ടിട്ട് ഒരുപാട് നാളായി.. മറിയാമ്മ ഉണ്ടായിരുന്നപ്പം ഇടക്കൊക്കെ ഒന്ന് കാണാന്‍ വരുമായിരുന്നു. പിന്നെ അതും നിന്നു .

ശരീരത്തിനും മനസ്സിനും ഭയങ്കര ക്ഷീണം തോന്നി.എത്ര വയ്യെങ്കിലും വിശുദ്ധ ഗ്രന്ഥ വായന തന്‍ മുടക്കാറില്ലല്ലോ? പണ്ട് മറിയക്കുട്ടി ഉണ്ടായിരുന്നപ്പോള്‍ ജപമാല മുടങ്ങാന്‍ അവള്‍ സമ്മതിക്കില്ലായിരുന്നു.അന്നൊക്കെ സന്ധ്യ പ്രാര്‍ത്ഥന എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നീളും. പിന്നെ പിന്നെ തനിച്ചായപ്പോള്‍ പ്രാര്‍ത്ഥനയുടെ നീളം കുറഞ്ഞു.

ബൈബിള്‍ തുറന്നു മടക്കി വെച്ചിരുന്ന പേജ് തപ്പിയെടുത്തു.ആദ്യ വാചകം വായിച്ചു. ദൈവം നീതിമാന്‍, അവന്‍ നീതിയെ ഇഷ്ടപ്പെടുന്നു ..................

പുറത്തു കാറ്റു ശക്തമായടിക്കുന്നുണ്ടായിരുന്നു.പഴകിയ ജനല്‍ പാളികളുടെ വിടവിലൂടെ മിന്നല്‍ അകത്തേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു. ഇടിയും ഇടക്കിടെ കേള്‍ക്കാം. കര്‍ക്കിടക മഴയാണ്..നീണ്ടു നില്‍ക്കും,ചിലപ്പോള്‍ രാത്രി മുഴുവനും.

കരണ്ട് പോകാന്‍ സാധ്യത ഉള്ളതുകൊണ്ട് തലവണക്കീഴില്‍ സൂക്ഷിച്ചു വച്ചിരുന്ന മെഴുകുതിരി ഒന്ന് തപ്പി നോക്കി. അതവിടെത്തന്നെ ഉണ്ട്. ചിലപ്പോള്‍ ആവശ്യം വന്നേക്കും.

അയാള്‍ ബൈബിള്‍ വായന തുടര്‍ന്നെങ്കിലും ഊഹിച്ച പോലെ കരണ്ട് പോയത് കൊണ്ട്, വായന ഇടക്ക് വച്ച് നിറുത്തേണ്ടി വന്നു.തിരി കത്തിച്ചു വച്ച് വായിക്കാനുള്ള ശരീര സുഖം തോന്നിയില്ല.

പുതപ്പിനടിയിലേക്കു ചുരുണ്ട് കൂടുമ്പോള്‍ അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരു ഭയം അനുഭവപ്പെട്ടു.

നേരം വെളുക്കറായി.മഴ എന്നിട്ടും ശ മിച്ചില്ല.ഇടിയുടെ ശക്തി കൂടിയും കുറഞ്ഞും നിന്നു. കാറ്റിന് ശക്തി കൂടിയതു പോലെ. അടഞ്ഞു കിടന്ന ജനല്‍ പാളികള്‍ സര്‍വശക്തിയോടും കൂടെ അത് ആഞ്ഞു വലിച്ചു. തുറക്കാന്‍ പറ്റാത്തതില്‍ പ്രധിഷേധിചെന്ന പോലെ പിന്നെയും പിന്നെയും..

കാറ്റിനറിയില്ലല്ലോ ആ പാളികള്‍ ഇനി ഒരിക്കലും തുറക്കില്ലെന്ന്.

12 comments:

  1. ഈ കര്‍ക്കിടക മഴ മരണവുമായാണെത്തിയത് അല്ലേ....
    ആശംസകള്‍.

    ReplyDelete
    Replies
    1. അതെ ഈ മഴ മരണവുമായാണെത്തിയത്......കര്‍ക്കിടകം കാര്ന്നവന്മാരെയും കൊണ്ട് പോകുമെന്നാണ് പറച്ചില്‍ .......

      Delete
  2. Try to reduce the space between paragraphs. Best of luck.

    ReplyDelete
  3. ബെസ്റ്റ്‌ ലക് നെക്സ്റ്റ്‌ ടൈം

    ReplyDelete
  4. എന്തിനാ ഇത്ര വലിയ സ്പേസ് വിടുന്നത്...വായന സുഖം കുറയ്ക്കുന്നു....

    പലരും പറഞ്ഞ വിശയമാനെന്കിലും കാച്ചി കുരുക്കിയ വാക്കുകളില്‍ സംഗതി ഭദ്രം....

    സ്നേഹശംസകള്‍..

    ReplyDelete
  5. ആശംസകള്‍ക്കും,അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി...സ്പേസ് കുറച്ചു പോസ്റ്റ്‌ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് ....

    ReplyDelete
  6. മരണം സന്തതസഹചാരിയാണ് എന്ന് പറയുന്നത് എത്ര സത്യമാണ്. ജീവിതമെന്ന സുന്ദരമീ യാത്രയില്‍ നാളെയെന്ത് സംഭവിയ്ക്കുമെന്ന് ആര്‍ക്കും പ്രവചിയ്ക്കുവനാകില്ല..!

    എന്റെ കൂട്ടുകാരന്റെ അച്ഛനും ഇതുപോലുള്ള ഒരു കര്‍ക്കിടകമഴദിവസമാണ് മരിച്ചത്.. അവസാനത്തെ വരികളിലൂടെ കടന്നുപോയപ്പോള്‍ അതാണോര്‍മ്മ വന്നത്..

    “തലവണ”യെന്നാണോ “തലയിണ” എന്നാണോ യദാര്‍ത്ഥ പദം? പ്രാദേശികപരമായ ഭാഷവിത്യാസമാണോ ഇത്..? ചിലയിടങ്ങളില്‍ തലയിണയ്ക്ക് തലയ്ക്കാണി എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്!

    ആശംസകള്‍ ബ്ലസ്സി..!

    ReplyDelete
    Replies
    1. അച്ചടിഭാഷയില്‍ "തലയിണ" എന്നാണ് യഥാര്‍ത്ഥ വാക്ക്...പിന്നെ എഴുതിയപ്പോള്‍ തനി നാടന്‍ ഭാഷ വന്നു പോയി...

      താങ്കളെപ്പോലെ കവിതയും ,വായനയും ഇഷ്ട്ടപ്പെടുന്ന ഒരാളുടെ അഭിപ്രായങ്ങള്‍ ഒരുപാടൊരുപാട് വിലപ്പെട്ടതാണ്‌....ഇവിടെ വന്നു വായിച്ചു അഭിപ്രായം അറിയിക്കുന്നതിനു ഒരുപാട് നന്നിയുണ്ട്...

      Delete
  7. മഴയുടെ സംഗീതവും, ഏകാന്തതയുടെ വിഹ്വലതകളും തീര്‍ത്ത തണുത്ത രാവുകള്‍.വായനക്കാര്‍ക്ക് പുതിയ അനുഭൂതികള്‍ നല്‍കുന്നു. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി മാഷെ...വന്നതിനും വായിച്ചതിനും,അഭിപ്രായം അറിയിച്ചതിനും...

      Delete