Total Pageviews

Thursday, May 22, 2014

ഭാഗ്യദോഷം







പൊന്നുഷസ്സിൽപ്പിറന്ന
പിഞ്ചു മേഘങ്ങളോടി
തിമിരം ബാധിച്ച
കാർമുകിൽക്കൂട്ടങ്ങളെ വിട്ടു
അമ്മയാം സന്ധ്യ തൻ
മടിയിലൊളിക്കാനായ്‌

ലോകവും, പാപവും
എന്തെന്നറിയാതെ
അഗ്നിപരീക്ഷ നടത്തും
ഈയ്യാംപാറ്റക്കൂട്ടങ്ങൾ
ഓരോന്നായി,
കൊഴിഞ്ഞു വീഴുന്നീ
കാമത്തിൻ കേടാതീയിൽ

ആവലാതികൾ വെറും
അർത്ഥശൂന്യമാം ശ്ലോകങ്ങൾ
സ്നേഹമെന്നതോ വെറും
കാറ്റിലാടുന്ന കോമരം..

മിഥ്യാഭിമാനങ്ങൾ
ബോധമില്ലായ്മകൾ
കൊയ്തെരിഞ്ഞെത്രയൊ
പിഞ്ചുപൂക്കളെയീ മണ്ണിൽ..
ഇന്നോളമെത്രയോ
പൊന്നു വിഗ്രഹങ്ങൾ
തെരുവുചാലിലുടഞ്ഞു വീണു?

തേങ്ങുന്ന ഹൃദയങ്ങൾ
നീറുന്ന, വേദന
പൊഴിയുന്ന
കണ്ണീർക്കണത്തിനെല്ലാം
കഥയുണ്ടൊരുപാടു ചൊല്ലാൻ

മാവുകൾ പൂത്തതും
മാമക സ്വപ്നവും
മാമരത്തോപ്പിലെ ഗന്ധവും...
മാനസ്സ കോവിലിൻ,
മഞ്ചലിലേറിയ,
മധുപാത്രത്തിലെ മധുഗീതവും...
മാദക സന്ധ്യയിൽ,
മണിയറവാതിലിൽ,
മാമക കരപുടം ചുംബിച്ചതും....

മാഞ്ഞു പോയെല്ലാ
മന്ദഹാസ്സങ്ങളും
മാനവർ തീർക്കും
കൂരിരുൾപ്പാതയിൽ...
ശേഷിപ്പതില്ലൊരു
കമനീയ പുഷ്പ്പവും
കല്പാന്ത കാലത്തിൻ
ഭാഗ്യദോഷം...


Picture courtesy : Google: retrieved from http://en.wikipedia.org/wiki/Catholic_sex_abuse_cases

Friday, May 16, 2014

നീർപ്പോള





കണ്ണീർപ്പുഴ തൻ നെഞ്ചിലൂടൊഴുകി
മന്ദമാരുതൻ കൊഞ്ചലും പേറി
ഞെട്ടറ്റു വീഴും ദളങ്ങൾ തൻ നോവും
വീർപ്പിട്ടു വിങ്ങും സ്മൃതിപഥങ്ങളും

മായയിൽ മുങ്ങും ദേഹികൾ കണ്ടു
നീതിയില്ലാ ജീവപിണ്ഡങ്ങൾ
സദാചാരത്തിൻ വിത്തുകൾ പാകി
കാലദേശത്തിൻ പടക്കളത്തിൽ

മൃത്യു മൃത്യുവേത്തെടും ചുഴികളിൽ
മർത്യനീതിക്കതീതമായ് വാഴും
പഞ്ചഭൂതങ്ങളൊന്നോന്നായ് വീഴുന്നു
മാറുപിളർന്നീ പുഴയിൽ

ചുടലനൃത്തമാടുന്ന ഭൂതങ്ങൾ
പുഷ്ട്ട പരിഷ്ക്കാര ഭ്രാന്തർ
ഘോര വിഷപ്പകയാൽ കലക്കി
കണ്ണീർപ്പുഴതൻ തെളിനീർ

പൊട്ടിയില്ലെങ്കിലും ഈ നീർപ്പോള
നോക്കിനിന്നു നിസ്സഹായയായ്
ചുടുനെടുവീർപ്പിലമർന്നു ഗദ്ഗദം
തിരകളിൽതട്ടി തകർന്നു പോയ്‌




Picture courtesy: http://www.voidphase.com/media/2010/12/waterdrops_blue1_1920.jpg




Thursday, May 15, 2014

കരുണ




കരുണയൊന്നില്ല ഭൂവിൽ മനുജന്
കരുണതൻ ഭാഷയുമന്യം
ജാഡ, ക്രോധ, സ്പര്ധകൾ
ഘോരതപത്തിൻ ഭാവങ്ങൾ

ലാളിച്ചു പെറ്റു പോറ്റിയ
കൈകളിൻ വാടിയ ഞരമ്പുകൾ
വറ്റിയ,കണ്ഠനയനങ്ങൾ
തേടാനാർക്കുമിന്നില്ല തെല്ലും നേരം

കൂര്ത്തു വളഞ്ഞ ദ്രംഷ്ടകൾ
കുത്തിയിറക്കി,കശക്കി
ഊറ്റിക്കുടിക്കും നിന് അവസാന
തുള്ളി രക്തവും രൂക്ഷമായ്

കാലപ്രവാഹത്തിലോടിമറയുന്ന
മായാമരീചികയല്ലീ ജീവിതം
കമനീയകാന്തി തൻ നികുന്ജങ്ങൾ
ഷിപ്രായുസ്സിൻ സ്മാരകങ്ങൾ

കണ്ണീർക്കണങ്ങൾ തൻ ഭാരവും പേറി
വാടിവീഴുന്നോരോ പുലരിയും
ക്ഷണികമീലോകത്തിൽ കണി കാണാനില്ല
കരുണതൻ ശീതളപുഷ്പം

ബാല്യ,കൗമാര, യൌവനവും ശൂന്യം
കരുണതൻ ദീപമണഞാൽ
ഭിക്ഷ തേടിയായുരാന്ത്യം
സ്മൃതി മണ്ഡപത്തിലലിയും



Thursday, May 8, 2014

ഓർമ്മകൾ



അമ്മെ നീ ധന്യ
നിന് ജീവിതവും ധന്യം
നിന് മാറിലെ
ചോര കുടിച്ചു വളർന്ന ഞാൻ
നിന്നെയെങ്ങൊ,
വഴിയിലെറിഞ്ഞപ്പോളും
നിന്റെ കണ്ണിലെ തീ
ഞാൻ ബുദ്ധിപൂർവ്വം മറച്ചു.

നീയെന്റെ ജീവനും
ജീവന്റെ നാളവും
നിന് നിഴലിൻ
മറവിൽ ഞാനെന്നും
ആവർത്തിച്ചിരുന്നു

ആയിരം സുര്യ ചന്ദ്രന്മാരെ
കണ്ട നിന് കണ്ണുകൾ
നിറഞ്ഞു കവിഞ്ഞൊരു
സമുദ്രമായ് മാറിയതും
കണ്ടില്ലെന്നു നടിച്ചു ഞാൻ

കാലം കുതിച്ചോടി
പടക്കുതിരെയെക്കാൾ വേഗം
ഇന്നീ തെരുവിൽ അലയും
ഞാൻ വെറും ബുദ്ധിശൂന്യൻ

നീയില്ലിന്നെൻ അരികിൽ
ഞാൻ കരയുമ്പോൾ, നീറുമ്പോൾ
നിന്നെലെ ശാന്ത സ്പർശവും
എനിക്കിന്നന്യം

ചിരിക്കാൻ ശ്രമിക്കുമ്പോൾ
ചിരികൾ വിളറിമായുന്നു,
മറക്കാൻ കഴിയാത്ത
ആ ആത്മബന്ധം
തിരിച്ചറിയാൻ, ഞാൻ
നീയാവേണ്ടിവന്നു

അമ്മയെപ്പോലെ അവനും
തെരുവ് തന്നെ ശരണം
പതിയെപ്പറഞ്ഞകന്നവര്
ഒളിപ്പിച്ചു വച്ച ഹാസ്യം.

കാലമിനിയും ഓടും
തീരാത്ത കടങ്ങളും പേറി
എന്നെ ഈ തെരുവിലെറിഞ്ഞവർ
നാളെ അവരും വരും
ബുദ്ധി ശൂന്യരായി
ഇതേ തെരുവിന്റെ മൂലയിൽ
കാലത്തിൻ ഓർമ്മകൾ
മായാതിരിക്കാൻ
അതാണു കാലം..