Total Pageviews

Wednesday, May 23, 2012

നീലക്കുറിഞ്ഞികള്‍ പൂത്തപ്പോള്‍..

                 
                                                                    
മേയ്മാസത്തിലെ ആ സായം സന്ധ്യ  അന്ന്  പതിവിലേറെ  സുന്ദരിയായിരുന്നു.... ചുവപ്പും, മഞ്ഞയും ഇടകലര്‍ന്ന  വാനവര്‍ണ്ണരാജികളുടെ സൌന്ദര്യം കണ്ടു അസൂയ പൂണ്ട  വെള്ളിമേഘക്കീറുകള്‍ അവയെ മറക്കാന്‍ വിഫല ശ്രമം നടത്തിക്കൊണ്ടേയിരുന്നു  ... ഓടി മടുക്കുമ്പോള്‍ കാര്‍ക്കശയായ സന്ധ്യയുടെ മടിയില്‍ തന്നെ അവര്‍ തിരിച്ചു അഭയം തേടും... തെന്നിയോഴുകുന്ന മന്ദമാരുതന്‍ പാലപ്പൂവിന്റെ വശ്യതയാല്‍ ആലസ്യയായതുപോലെ...പള്ളികളില്‍ നിന്നും സന്ധ്യാ  മണികള്‍  മുഴങ്ങാന്‍ തുടങ്ങി..... ഇടയ്ക്കിടെ ബാങ്കു വിളികളും, സന്ധ്യാനാമങ്ങളും  ഉയര്‍ന്നു കേള്‍ക്കാം...കുട്ടികള്‍ കളിസ്ഥലങ്ങള്‍  ഉപേക്ഷിച്ചു അവരവരുടെ വീടുകളിലേക്ക് മടങ്ങി...

മന്ദാകിനി അന്ന് പതിവിലും നേരത്തെ ഇറങ്ങി.. വീടിന്റെ തെക്കേ അറ്റത്തുള്ള വാകമരത്തിന്റെ ചുവട്ടിലേക്ക്‌ നടന്നു ...വാക മരത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ ചേക്കേറാന്‍ തിടുക്കം കൂട്ടുന്ന മാടപ്രാവുകളുടെ കുറുകല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു ......കളിസ്ഥലങ്ങളില്‍ നിന്നും മടങ്ങുന്ന കുസൃതിക്കുട്ടികള്‍ , പെറുക്കിയെടുത്ത  ഉരുളന്‍ കല്ലുകള്‍ ആ പ്രാവുകളെ ലക്ഷ്യമാക്കി എറിയാന്‍ മറന്നില്ല...അതവരുടെ സന്ധ്യാ വിനോദമാണ്.....വെപ്രാളപ്പെട്ട് ചിറകടിക്കുന്ന അവറ്റകളെ  കാണാന്‍  കിട്ടുന്ന  അവസരമൊന്നും  ആ  കുസൃതികള്‍  പാഴാക്കാറില്ല....സൂര്യന്‍ ചക്രവാളത്തിന്റെ മടിത്തട്ടില്‍ ഒളിക്കാന്‍ തുടങ്ങി..ഇരുള്‍ വ്യാപിക്കാന്‍ തുടങ്ങിയത് അവള്‍ക്കൊരനുഗ്രഹമായി...?  ഇടവഴിയിലൂടെ ദൃധഗതിയില്‍ നടക്കുമ്പോള്‍ കലുഷിത ചിന്തകളാല്‍ അവളുടെ മനസ്സ് കാടുകയറുന്നുണ്ടായിരുന്നു......അയാള്‍ ഇന്നവിടെ കാണുമോ എന്തോ?  മനസ്സിന്റെ ദ്രുധഗതിയിലുള്ള ഇടിപ്പിനെ-ചിലപ്പോള്‍ വെറും തോന്നലാവാം- നിയന്ത്രിക്കാന്‍ അവള്‍ നന്നേ പാടുപെട്ടു...
മലയാള സാഹിത്യ അക്കാദമിയുടെ ശില്‍പ്പശാലയില്‍ വച്ചാണ് മന്ദാകിനിയും അയാളും ആദ്യമായി കണ്ടുമുട്ടുന്നത്...തങ്ങളുടെ ചിന്തകളും,ഇഷ്ട്ടങ്ങളും ഏതാണ്ട് ഒരേ തലത്തിലാണെന്നു
തിരിച്ചറിഞ്ഞതുകൊണ്ടാവാം വളരെപ്പെട്ടന്നു തന്നെ അടുത്ത സുഹൃത്തുക്കളാകാന്‍ മന്ദാകിനിക്കും, മനുവിനും കഴിഞ്ഞത്...നിയോക്ലാസിക്ക് രചനകളായിരുന്നു മനുവിനിഷ്ട്ടം.... അവള്‍ക്കാകട്ടെ  ഹാസ്യോദ്ദീപകമായ ലേഖനങ്ങളും...വായനശാലയിലെ ആളൊഴിഞ്ഞ കോണുകളില്‍ ഇരുന്നു അവര്‍  വളരെയധികം  സംസാരിച്ചു...ഇടശ്ശേരിയെയും, വൈലോപ്പിള്ളിയെയുംകുറിച്ച്....."ഇന്ദുലേഖ"യും, "കുന്ധലത"യും അവര്‍ക്കിടയിലൂടെ  നൂറുവട്ടം കടന്നു പോയി...ചങ്ങമ്പുഴ പറയാന്‍ ബാക്കി വെച്ച പ്രണയ കാവ്യങ്ങള്‍ അവര്‍ സ്വയം എഴുതിചേര്‍ത്തു....വാടകക്കൊരു വീടെടുത്ത് അയാള്‍ അവളുടെ വീടിനടുത്തേക്ക് മാറിയതോടെ അവരുടെ സൗഹൃദം കൂടുതല്‍ ശക്തമായി. അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയുടെ നീളം കൂടിവന്നു...അവരുടെ വിഷയങ്ങള്‍ "ഒതെല്ലോ"യിലേക്കും  "സ്ലോട്ടെര്‍ഹൌസി"ലെക്കും  നീണ്ടു....അയാളുടെ നിരൂപണങ്ങള്‍ അവള്‍ക്കിഷ്ട്ടമായിരുന്നു..... സാഹിത്യത്തില്‍ അയാള്‍ക്കുള്ള അഗാധമായ ജ്ഞാനം അവളെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്....


ഇടവഴിയിലെ ആളൊഴിഞ്ഞ പാത താണ്ടി കുട്ടികള്‍ പട്ടം പറത്തി കളിക്കുന്ന കുന്നിന്പുറം ലക്ഷ്യമിട്ട് നടക്കുമ്പോള്‍ അവളുടെ മനസ്സ് അയാള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. ഇരുട്ട് പരന്നിരുന്നെങ്കിലും അവിടവിടെ വീടുകളില്‍ നിന്നും ചെറിയ പ്രകാശങ്ങള്‍  കാണാം...താഴ്വാരം മുഴുവനും നീലക്കുറിഞ്ഞികള്‍  ആണ്.. വ്യാഴവട്ടത്തില്‍  മാത്രം  പൂക്കുന്ന   പുഷ്പ്പസുന്ദരികള്‍... പക്ഷെ അത് പൂത്തു കാണാന്‍ ഇത് വരെ അവള്‍ക്കു  സാധിച്ചിട്ടില്ല.. എന്നെങ്കിലും  ഒരിക്കല്‍  ആ  നീലക്കുറിഞ്ഞികള്‍ പൂക്കുന്ന   സമയത്ത്  ഇവിടെ  വരണമെന്ന്  അവള്‍ ഇവിടെ  വരുമ്പോഴൊക്കെ  മനുവിനോട്  പറയാറുണ്ടായിരുന്നു...അപ്പോഴൊക്കെ  മനു  ചിരിക്കും...മനുവിന്റെ വശ്യമായ ആ   ചിരിയില്‍ എന്തെങ്കിലും  അര്‍ത്ഥമുണ്ടായിരുന്നോ? നീലക്കുറിഞ്ഞികള്‍ പൂക്കുന്നത് അശുഭമാണെന്നു മനുവും വിശ്വസിച്ചിരുന്നോ?  ഒരുപക്ഷെ  കത്തിജ്വലിക്കുന്ന സൂര്യന്   കീഴില്‍  നിലാവെളിച്ചം  സ്വപ്നം  കാണുന്ന  വിഡ്ഢിയെപ്പോലെ മനു തന്നെ കരുതിയിരിക്കുമോ?അതുമല്ലെങ്കില്‍ വിധിയുടെ പൊയ്മുഖങ്ങള്‍ ഒരു ഉള്‍ക്കാഴ്ചപോലെ  മനുവിനറിയാമായിരുന്നോ?  ഇപ്പോഴും  അറിയില്ല....


പണ്ട്  തങ്ങള്‍ സ്ഥിരമായി വരാറുള്ള  സ്ഥലമാണിതെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി തങ്ങള്‍  ഇവിടെ നിന്നും  കുറെ  അകലെയാണ് ....പ്രത്യേകിച്ചും മനു ഇവിടെനിന്നും സ്ഥലം മാറി പോയതില്‍ പിന്നെ....മനുവിനെക്കുറിച്ച്  പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു...ഇന്നലെ വരെ...അയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് വരെ തനിക്കു സംശയം തോന്നിപ്പോയിട്ടുണ്ട്‌... അവള്‍ ഓര്‍ത്തു... താനാനെങ്കില്‍ മിക്കവാറും ദിവസ്സങ്ങളില്‍  ഈ കുന്നു കയറും,  എന്നിട്ട്  അനന്തവിഹായസ്സിലേക്ക്  നോക്കി ഇവിടെ ഇരിക്കും, നേരം വെളുക്കുന്നത്‌ വരെ.........ഒറ്റക്കിരിക്കാന്‍  ഇഷ്ട്ടമായിട്ടല്ല ...എന്നെങ്കിലും മനു വരുമെന്ന പ്രതീക്ഷയിലാണ്......പക്ഷെ ഇതുവരെ അവളുടെ ആഗ്രഹങ്ങള്‍ എല്ലാം   തെറ്റിയിട്ടെ   ഉള്ളൂ.... കഴിഞ്ഞ ദിവസം അയാളെക്കുറിച്ചുള്ള  വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോളാണ്  പ്രതീക്ഷയുടെ ഒരു പ്രകാശം തനിക്ക്  തിരിച്ചു കിട്ടുമെന്ന് മന്ദാകിനിക്ക് തോന്നിയത് ...ഇനിയെങ്കിലും അയാള്‍  വരുമായിരിക്കും.. .
                                                                                                     
കുന്നിറങ്ങിച്ച്ചെന്നുള്ള വിശാലമായ ആ താഴ്വാരത്തിലേക്ക് അവള്‍ നടന്നു.... അവള്‍ക്ക്  ഒരിക്കലുമില്ലാത്ത സന്തോഷം തോന്നി..... ഇത്തവണ നീലക്കുറിഞ്ഞികള്‍  പൂത്തിട്ടുണ്ട്.... താഴ്‌വാരം മുഴുവന്‍ പൂക്കളാണ്..വഴിയിലെ തെരുവുവിളക്കുകളില്‍ നിന്നും തെന്നിമാറിയെത്തിയ  പ്രകാശം ആ താഴ്വാരത്തിനു കൂടുതല്‍ ഭംഗി നല്‍കി.......അങ്ങകലെ പന്തലിച്ചു നില്‍ക്കുന്ന ഒരു വലിയ മരത്തിന്റെ ചുവട്ടില്‍ എത്തിയപ്പോള്‍ അവള്‍ കണ്ടു, അതിനോട് ചേര്‍ന്നുള്ള ആ സിമെന്റു ബെഞ്ചില്‍ അയാളിരിക്കുന്നത്...പ്രതീക്ഷ  തെറ്റിയില്ല...അവളുടെ ഹൃദയസ്പന്ദനങ്ങള്‍ വളരെ ഉച്ചത്തിലായി.....തെരുവ് വിളക്കിന്റെ വെളിച്ചം അയാളുടെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു....ഇളം നീല നിറമുള്ള  പൂക്കളില്‍ തട്ടി  ചിതറിത്തെറിച്ച പ്രകാശരശ്മികള്‍  അയാളുടെ മുഖത്തെ ഉദ്ധീപിപ്പിച്ചു...എങ്കിലും സ്വപ്‌നങ്ങള്‍ നഷ്ട്ടപ്പെട്ടത്തിന്റെ നിരാശ അതിനെ 
 മറക്കുന്ന പോലെ അവള്‍ക്കു തോന്നി ...താന്‍ അടുത്തെത്തിയിട്ടും അയാളില്‍ കണ്ട നിസ്സംഗഭാവം അവളെ ഒട്ടും  അത്ഭുതപ്പെടുത്തിയില്ല.....

"എവിടെയായിരുന്നു ഇത്രയും നാളും?" അവള്‍ ചോദിച്ചു...

മുഖം തിരിച്ചൊന്നു അവളെ നോക്കിയതല്ലാതെ അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല....

"ഇവിടെനിന്നും പോയതില്‍പ്പിന്നെ ഒരു വിവരവും ഇല്ലായിരുന്നല്ലോ? അവള്‍ വീണ്ടും ആരാഞ്ഞു...അതിനും നിസംഗത തന്നെ മറുപടി...

"എന്തായാലും  എനിക്ക്  സന്തോഷമായി, നീലക്കുറിഞ്ഞികള്‍ പൂത്തപ്പോളെങ്കിലും എന്നെ കാണാന്‍ വന്നല്ലോ"...ഞാന്‍  എന്നും ആഗ്രഹിച്ചപോലെ നമുക്ക്
ഇവിടെയിരിക്കണം... ഒരുപാട് നേരം...അവളിലെ പ്രണയഗംഗ ഹൃദയാരണ്യങ്ങള്‍ കടന്നു നക്ഷത്ര കൂടാരങ്ങള്‍ തേടി ഒഴുകി...

"നമ്മുടെ മകള്‍???"പെട്ടന്നവള്‍ എന്തോ ഓര്‍ത്തപോലെ ചോദിച്ചു ....

"അവള്‍".....അയാള്‍ എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും പകുതിയില്‍ നിറുത്തി....അയാളുടെ കണ്ണുകളില്‍ അശ്രു പൊടിഞ്ഞു...

"നീ ഞങ്ങളെ വിട്ടു പോയതിനു ശേഷം എന്റെ സമനില തെറ്റി...അതുകൊണ്ട് നാട്ടുകാരെല്ലാം ചേര്‍ന്ന് അവളെ ഏതോ അനാഥാലയത്തിലാക്കി..."പറഞ്ഞതും അയാളില്‍ നിന്ന് ഒരു നിശ്വാസമുയര്‍ന്നു.

"മനപ്പൂര്‍വമായിരുന്നില്ല....വിധി....അതിന്റെ കളിയില്‍ എന്നെയും കോമാളിയാക്കി"...അവളുടെ മറുപടി..
അയാള്‍ അത് കേട്ടെങ്കിലും പ്രത്യേകിച്ചൊന്നും പറഞ്ഞില്ല...

അവര്‍ക്കിടയില്‍ പടര്‍ന്ന മൌനത്തിന്റെ അലസത മുറിച്ചുകൊണ്ട് അയാള്‍ തന്നെ തുടര്‍ന്നു..
"പിന്നെ ഞാന്‍ ഒരു ലക്ഷ്യവുമില്ലാതെ ഒരുപാട് സഞ്ചരിച്ചു.....അവസാനം ഇന്നലെ"....

"അറിഞ്ഞു...ഞാന്‍ പത്രത്തില്‍ വായിച്ചായിരുന്നു..എന്ത് പറ്റിയതാണ്???"അവള്‍ അലക്ഷ്യമായി ചോദിച്ചു..
"വഴിതെറ്റി വന്ന ഒരു കാര്‍"....അയാള്‍ പൂര്‍ത്തിയാക്കിയില്ല..

അവള്‍ക്ക് അയാളെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു...ആത്മാവിന്റെ ഭാഷയിലെ അക്ഷരങ്ങള്‍ പക്ഷെ 
ദുര്‍ബലമായിരുന്നു.... അവള്‍ അയാളുടെ അടുത്തേക്ക്  ചേര്‍ന്നിരുന്നു... അവളുടെ   സ്പര്‍ശനമെങ്കിലും  അയാള്‍ക്ക്  ഒരു ആശ്വാസമായെങ്കില്‍ എന്ന് വ്യാമോഹിച്ചു കൊണ്ട്...പക്ഷെ...സ്വപ്നങ്ങളെ ഹതാശമാക്കിയ  ഇരുട്ടിന്റെ ഉള്ളറകളില്‍ ഒരു നുറുങ്ങു വെട്ടം പോലും അവശേഷിപ്പിക്കാതെ വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ആ രണ്ടാത്മാക്കള്‍ പരസ്പ്പരം ആശ്വസിപ്പിക്കാനാകാതെ ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്നു....

 

6 comments:

  1. നല്ലത് .... ഭാവുകങ്ങൾ

    ReplyDelete
  2. വിധിവൈപരീത്യം...നന്നായെഴുതി. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്‌ മാഷെ ..!

      Delete
  3. നീലക്കുറുഞ്ഞികള്‍ പൂക്കുന്നത് അശുഭലക്ഷമാണെന്ന സാംഗത്യത്തെ ലിങ്ക് ചെയ്തെഴുതിയ ഈ കഥ നന്നായിട്ടുണ്ട് ബ്ലസ്സി. മനുവിന്റെ മകളെകുറിച്ച് കഥയിലെ ആദ്യഭാഗത്തില്‍ പരാമര്‍ശിയ്ക്കാത്തതുകൊണ്ടാണെന്ന് തോന്നുന്നു അവസാനം ഒരു ചെറിയ കണ്‍ഫ്യൂഷണ്‍.

    ആശംസകള്‍ ബ്ലസ്സി-

    ReplyDelete
    Replies
    1. നന്ദി കൊച്ചുമുതലാളി....വായിച്ചതിനും, അഭിപ്രായത്തിനും.....

      Delete